Friday, 2 January, 2009

അരികിലൂടെ ഒഴുകിപ്പോയ വര്‍ഷങ്ങള്‍...

വര്‍ഷങ്ങള്‍ ക്രൂരമായി
അരികിലൂടെ ഒഴുകിപ്പോയ
ഒരു സുഹൃത്തിനെ
ഈയിടെ കണ്ടപ്പോള്‍,
പുതുവര്‍ഷം എന്നോടു ചോദിച്ചു:
“ക്രൂരമായ കാലത്തെ നീ
അതിജീവിച്ചതെങ്ങനെ?”

പാമ്പ് പടം പൊഴിക്കുന്നതുപോലെ
പിന്നിട്ട ജീവിതത്തെ,
പിന്നിട്ട ഓര്‍മ്മകളെ
പൊഴിച്ചുകളയാന്‍
ഞാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു...

ആഗ്രഹങ്ങളും സ്വപ്നങ്ങളുമില്ലാത്ത
ഒരു വെളുത്തുമുതിര്‍ന്ന കാലം
തൊട്ടടുത്തുനിന്ന് പുഞ്ചിരിക്കുന്നത്
കാണാനാവുന്നുണ്ടെനിക്ക്...

Wednesday, 6 August, 2008

ആകാശത്ത് വിതച്ച വാക്കുകള്‍

ആകാശത്ത് വിതച്ച
വാക്കുകള്‍
ഭൂമിയില്‍
ഏകാന്തമായി
മുളച്ചു...

സെല്‍ഫോണുകള്‍
കൂടുകെട്ടിയ
കാതുകളില്‍
അവ
മരിച്ചുവീണു...

Friday, 25 July, 2008

പ്രഭാതത്തിലെ നടത്തം

മണ്ണടരുകളുടെ
മൃദുവായ തണുപ്പിലൂടെ,
കുന്നുകളുടെ
നിദ്രാലസ്യത്തിലൂടെ,
ആര്‍ദ്രമായ
മഞ്ഞലകള്‍ക്കുള്ളിലൂടെ
തുഴഞ്ഞ് മുന്നേറുന്ന
ഒരേകാന്തബിന്ദു...

കൈയെത്തും ദൂരത്ത്
ജീവിതത്തിലെ
ആഹ്ലാദം പോലെ
അപ്രാപ്യമായ
വെള്ളിമേഘങ്ങള്‍...

മേഘങ്ങള്‍ക്കും കുന്നുകള്‍ക്കും
ഏകാന്തതയ്ക്കുമിടയില്‍
നിശ്ചലമായ ജീവിതം
തളം കെട്ടിക്കിടക്കുന്നു,
ഉന്മാദത്തിന്റെ
അഗ്നിപര്‍വ്വതങ്ങളെ
ഉള്ളില്‍ വഹിച്ചുകൊണ്ട്...

Wednesday, 23 July, 2008

സമയത്തിന്റെ തടവുകാര്‍

വല്ലപ്പോഴും കണ്ടുമുട്ടുമ്പോള്‍,
ഫോണ്‍ വിളിക്കുമ്പോള്‍
സ്വന്തം തിരക്കുകളെക്കുറിച്ചുമാത്രം
അവര്‍
വാചാലരായി.

പലതിനായി പകുത്ത്
ഒന്നിനും തികയാതെ
വഴുതിപ്പോകുന്ന
സമയത്തിന്റെ
തടവുകാര്‍...

സ്വിച്ച് ഓണ്‍ ചെയ്താല്‍
ഓഫാക്കുന്നതുവരെ
നിര്‍ത്താതെ ഓടുന്ന
മനുഷ്യര്‍
യന്ത്രങ്ങളെ പരിഹസിച്ചു.

കണ്ണീരും സ്നേഹവാക്കുകളും
മൃദുവായ നിമിഷങ്ങളും
ഉമ്മകളുമെല്ലാം
അവര്‍
ഒരൊറ്റ ക്ലിക്കില്‍
ഡിലീറ്റ് ചെയ്തു...!

Sunday, 17 February, 2008

വെളിച്ചത്തിനെന്തു വെളിച്ചം!

ക്യാമറക്കണ്ണില്‍ ഒതുങ്ങാത്ത
നിന്റെ പ്രസാദം
എഡിറ്റിങ് ടേബിളില്‍ നിന്നും
പുറത്തുകടന്ന്
എന്റെ അകത്തേയ്ക്ക്
തുളുമ്പി...

കൂരിരുട്ടു കട്ട പിടിച്ച
ശൂന്യാകാശത്തിലേക്ക്
നിലാവിന്‍ കിണ്ണം
തട്ടിമറിച്ചിട്ട പോലെ...

വിരസമായ
ദിനങ്ങളുടെ മരുഭൂമിയില്‍
അത് നക്ഷത്രങ്ങള്‍
വിതച്ചു...

വെളിച്ചം വിളയുന്ന
ഈ പാ‍ടത്ത്
വെളിച്ചത്തിനെന്തു
വെളിച്ചം!

Saturday, 16 February, 2008

ലളിതം...

ഒന്നോര്‍ത്തുനോക്ക്,
ജീവിതം എത്ര ലളിതം!


എ ടി എം പെറുന്ന,
മദ്യമായി സ്വന്തം
ഉള്ളിലേക്ക്
തിരിച്ചെത്തുന്ന,
പണം...

സോഷ്യല്‍ സ്റ്റാറ്റസിന്റെ
ചിലവില്‍
ഉടമസ്ഥാവകാശം നേടുന്ന
ശരീരത്തില്‍
സ്നേഹമുണ്ടോ
എന്നന്വേഷിച്ച്
സമയം കളയാത്ത
മനസ്സ്...

പ്രണയം
ത്ഫൂ...

ജീവിക്കാന്‍
എന്തെളുപ്പം...

Monday, 11 February, 2008

ഷോപ്പിങ്ങ് മാളില്‍നിന്ന് നോക്കുമ്പോള്‍...

ഷോപ്പിങ്ങ് മാളില്‍
ഗായകസംഘം
അലറുന്നു...


വര്‍ണ്ണക്കുപ്പായമിട്ട
മുടിയിഴകളുമായി
നടന്നുനീങ്ങുന്ന
ആളുകള്‍...

ഷൂവിന്റെയും
തുകല്‍ച്ചെരിപ്പുകളുടെയും
ഇടവിട്ട താളങ്ങള്‍...

ഇവയ്ക്കിടയില്‍
പിഞ്ഞിപ്പോയ
മനസ്സും പൊത്തിപ്പിടിച്ച്
ഞാന്‍ പുറത്തേക്ക്
നോക്കി...

അങ്ങുദൂരെ
ഒരുപൊട്ടുപോലെ
ഒരു ചെറിയ വീടും
കാസരോഗിയായ
അച്ഛനും
കറുത്തുമെല്ലിച്ച
അമ്മയും-
എന്നാണ്
ഈ വര്‍ണ്ണനാദ-
ധനവിസ്മയങ്ങള്‍
അവരെ മായ്ച്ചുകളയുന്നത്?

തനിനാടന്‍ മട്ടിലുള്ള
ശ്വാസോച്ഛ്വാസവും
ദാരിദ്ര്യചിഹ്നങ്ങളുമായി
എന്റെ അധമബോധം
നിന്നുപരുങ്ങി.

എന്നെ എന്നാണിവര്‍
വെട്ടിത്തിരുത്തി
ഒരു തിളങ്ങുന്ന
വാക്യമാക്കി മാറ്റുന്നത്?

ഷോപ്പിങ്ങ് മാളില്‍
ഗായകസംഘം
ഉറഞ്ഞാടുന്നു...

പുറത്ത്
തണുത്തുവിറച്ച്
നിറംകെട്ട്
പാവം നഗരം
ആത്മാവിലേക്കു
തല പൂഴ്ത്തി
മെല്ലെ ഒഴുകുന്നു...